ചെന്നൈ: കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി. വിഷമദ്യം കുടിച്ച് മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുന്നതെന്തിനാണെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി ചോദ്യം.
വിഷമദ്യം കുടിച്ച് മരിച്ചവര്‍ക്ക് ഇത്രയും അധികം നഷ്ടപരിഹാരം നൽകുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലയെന്നും അപകടത്തില്‍ മരിക്കുന്നവര്‍ക്കാണ് ഇത്തരം നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ അതിനെ അംഗീകരിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. മരിച്ച 65 പേര്‍ക്ക് അനുവദിച്ച 10 ലക്ഷം തുക പ്രഖ്യാപിച്ച സാഹചര്യത്തിൽ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം. തുക കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
ചെന്നൈ സ്വദേശി എ മുഹമ്മദ് ഗൗസാണ് നഷ്ടപരിഹാരത്തിനെതിരെ ഹര്‍ജി നല്‍കിയത്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കള്ളക്കുറിച്ചിയില്‍ മരിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹ്യപ്രവർത്തകരോ അല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.