ട്രാക്കില്‍ എല്‍പിജി സിലിണ്ടര്‍; യു.പിയില്‍ ട്രെയിന്‍ അട്ടിമറിശ്രമം

എല്‍പിജി സിലിണ്ടറില്‍ ട്രെയിന്‍ ഇടിച്ചുവെങ്കിലും സിലിണ്ടര്‍ പാളത്തില്‍ നിന്ന് പുറത്തേക്ക് പോയതിനാല്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രി 8.20ഓടെയായിരുന്നു സംഭവം.

author-image
Prana
New Update
up rail
Listen to this article
0.75x 1x 1.5x
00:00 / 00:00

റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടറും പെട്രോള്‍ കുപ്പികളും തീപ്പള്ളിക്കൊള്ളികളും സ്ഥാപിച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഭിവാനി പ്രയാഗ്‌രാജ് കാളിന്ദി എക്‌സ്പ്രസ് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. എല്‍പിജി സിലിണ്ടറില്‍ ട്രെയിന്‍ ഇടിച്ചുവെങ്കിലും സിലിണ്ടര്‍ പാളത്തില്‍ നിന്ന് പുറത്തേക്ക് പോയതിനാല്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രി 8.20ഓടെയായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന് ഉന്നതതല സംഘം രൂപീകരിച്ചതായും ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) അന്വേഷണം തുടങ്ങിയതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വെസ്റ്റ്) രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.
പാളത്തില്‍ എല്‍പിജി സിലിണ്ടര്‍ കണ്ടതോടെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ചവിട്ടിയാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിന്‍ സിലിണ്ടറില്‍ ഇടിച്ചുവെങ്കിലും സിലിണ്ടര്‍ പുറത്തേക്ക് ഉരുണ്ടുപോയതിനാല്‍ അപകടം ഒഴിവായി. തുടര്‍ന്ന് ലോക്കോ പൈലറ്റ് ഗാര്‍ഡിനെയും ഗേറ്റ്മാനെയും വിവരം അറിയിച്ചു. ഏകദേശം 20 മിനിറ്റോളം ട്രെയിന്‍ സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടു.
റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് കേടായ സിലിണ്ടര്‍ പോലീസ് കണ്ടെടുത്തു. ഒരു കുപ്പി പെട്രോളും തീപ്പെട്ടികളും ഇതോടൊപ്പം കണ്ടെത്തിയതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത, സ്‌ഫോടകവസ്തു നിയമം, റെയില്‍വേ നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ വിഷയം അന്വേഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്.

 

railway UP train LPG cylinder