രുദ്രപുരിൽ റെയിൽപാളത്തിന് കുറുകെ ഇരുമ്പ് തൂൺ; വൻ അപകടമൊഴിവായി

ഉത്തര്‍പ്രദേശിലെ ബിലാസ്പുര്‍ റോഡ് റെയില്‍വേ സ്‌റ്റേഷനും ഉത്തരാഖണ്ഡിലെ രുദ്രപുര്‍ സിറ്റി റെയിൽവേ സ്റ്റേഷനും ഇടയിലായാണ് പാളത്തില്‍ ഇരുമ്പ് തൂണ്‍ കണ്ടെത്തിയത്. ട്രെയിനിന്റെ ലോക്കോ പൈലറ്റ് തൂണ്‍ കണ്ടതിനെ തുടര്‍ന്ന് വണ്ടി നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി.

author-image
Vishnupriya
New Update
cx
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിൽ റെയില്‍പാളത്തിന് കുറുകെ വെച്ച നിലയില്‍ ആറ് മീറ്റര്‍ നീളമുള്ള ഇരുമ്പ് തൂണ്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബിലാസ്പുര്‍ റോഡ് റെയില്‍വേ സ്‌റ്റേഷനും ഉത്തരാഖണ്ഡിലെ രുദ്രപുര്‍ സിറ്റി റെയിൽവേ സ്റ്റേഷനും ഇടയിലായാണ് പാളത്തില്‍ ഇരുമ്പ് തൂണ്‍ കണ്ടെത്തിയത്. ഇതുവഴി വരികയായിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റ് തൂണ്‍ കണ്ടതിനെ തുടര്‍ന്ന് അവസരോചിതമായി വണ്ടി നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. പാളത്തില്‍നിന്ന് ഇരുമ്പ് തൂണ്‍ നീക്കം ചെയ്തശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നതെന്നും റെയില്‍വേ അറിയിച്ചു.

ബുധനാഴ്ച രാത്രി 10:18-ഓടെയാണ് സംഭവം. 12091 നമ്പര്‍ ദൂന്‍-നൈനി ജനശതാബ്ദി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ തൂണ്‍ കണ്ടത്. ഈ സമയം ട്രെയിന്‍ ബിലാസ്പുര്‍ റോഡിനും രുദ്രപുര്‍ സിറ്റിക്കും ഇടയിലായിരുന്നു. ഉടന്‍ ലോക്കോ പൈലറ്റ് രുദ്രപുര്‍ സിറ്റി സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചു. ലോക്കോ പൈലറ്റ് തന്നെയാണ് തൂണ്‍ പാളത്തില്‍ നിന്ന് നീക്കിയതെന്നും റെയില്‍വേ അറിയിച്ചു. അട്ടിമറി ശ്രമമാണോ ഇതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

അതേസമയം, ഈ മാസം ആദ്യം രാജസ്ഥാനിലെ അജ്മീറില്‍ ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നിരുന്നു. വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ റെയില്‍പാതയിലായിരുന്നു സംഭവം. സിമന്റ് കട്ടകള്‍ പാളത്തില്‍ വെച്ചായിരുന്നു അട്ടിമറി ശ്രമം. ലോഡുമായി വന്ന ഗുഡ്‌സ് ട്രെയിന്‍ ഈ സിമന്റ് കട്ടകളില്‍ ഇടിച്ചെങ്കിലും അപകടമൊന്നും സംഭവിക്കാതെ കടന്നുപോകുകയായിരുന്നു.

അതിനും മുമ്പായി ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ പാസഞ്ചര്‍ ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. പാളത്തില്‍ പാചകവാതക സിലിണ്ടര്‍ വെച്ചായിരുന്നു ഇത്. ഒപ്പം ഒരു കുപ്പി പെട്രോളും തീപ്പെട്ടികളും ഉണ്ടായിരുന്നു. ഭിവാനി-പ്രയാഗ് രാജ് കാളിന്ദി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ സിലിണ്ടര്‍ കണ്ടത്. നിരന്തരമായുള്ള ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ പോലീസും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുകയാണ്.

railway utharpradesh