മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24-ന് ആരംഭിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്ന് വരെയാണ് ആദ്യ സമ്മേളനം. ലോക്സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയും സ്പീക്കറെ തെരഞ്ഞെടുക്കുകയും ചെയ്യും.ജൂണ്‍ 27 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാജ്യ സഭയുടെ 264-ാമത് സമ്മേളനം ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയാണ്. സമ്മേളനത്തില്‍ പുതുതായി അധികാരത്തിലേറ്റ സര്‍ക്കാരിന്റെ രൂപരേഖ തയ്യാറാക്കാനിടയുണ്ട്.രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇരുസഭകളുടെയും രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറയും.