ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വടക്കു കിഴക്കൻ ഡൽഹിയിലെത്തും. ഇവിടത്തെ പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണമാണിത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.അതെസമയം ചാന്ദ്നി ചൗക്കിൽ പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും എത്തുന്നുണ്ട്. നഗരത്തിൽ രാഹുലിന്റെയും ആദ്യ പ്രചാരണമാണിത്. മേയ് 25നാണ് ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുക.
ഡൽഹിയിലെ ബി.ജെ.പി പ്രസിഡന്റ് വിരേന്ദ്ര സച്ച്ദേവ, വടക്കു കിഴക്കൻ ഡൽഹിയിലെ പാർട്ടിയുടെ സ്ഥാനാർഥി മനോജ് തിവാരി എന്നിവരടക്കം മറ്റ് നേതാക്കൾ പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കും. പ്രധാനമന്ത്രിക്ക് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ഡൽഹി പൊലീസിന്റെ സുരക്ഷ വിഭാഗം, ലോക്കൽ പൊലീസ് എന്നിവ ഉൾപ്പെടുന്ന കനത്ത സുരക്ഷ വലയമുണ്ടാകും.
2,000ത്തിലേറെ സുരക്ഷ ഉദ്യോഗസ്ഥരെയും ട്രാഫിസ് ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിട്ടുള്ളത്.ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥികൾക്കായി ഇന്ന് വൈകീട്ട് ആറുമണിക്ക് രാഹുൽ ഗാന്ധി രാംലീല മൈതാനത്തിൽ വൻ പൊതുജനറാലി അഭിസംബോധന ചെയ്യും.