ലോക്‌സഭാ തിരഞ്ഞെടുപ്പ്: 121 പേർ നിരക്ഷരർ, 198 പേർക്ക് ഡോക്ടറേറ്റ്- സ്ഥാനാർഥികളുടെ വിദ്യാഭ്യാസ യോഗ്യത വിലയിരുത്തി എ.ഡി.ആർ റിപ്പോർട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 8360 സ്ഥാനാര്‍ഥികളില്‍ 8337 പേരുടെ വിദ്യാഭ്യാസ യോഗ്യത വിശകലനം ചെയ്താണ് എ.ഡി.ആര്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

author-image
Vishnupriya
New Update
pol

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 121 പേര്‍ നിരക്ഷരരെന്ന് റിപ്പോര്‍ട്ട്. 359 പേര്‍ പഠിച്ചത് അഞ്ചാം ക്ലാസ് വരെ മാത്രം. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 8360 സ്ഥാനാര്‍ഥികളില്‍ 8337 പേരുടെ വിദ്യാഭ്യാസ യോഗ്യത വിശകലനം ചെയ്താണ് എ.ഡി.ആര്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

12-ാം ക്ലാസ് പാസ്സായതായി 1303 സ്ഥാനാര്‍ഥികൾ സത്യവാങ്മൂലം നൽകിയപ്പോൾ 1502 പേര്‍ ബിരുദധാരികളാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, 198 സ്ഥാനാര്‍ഥികള്‍ ഡോക്ടറേറ്റ് നേടിയവരാണ്.647 സ്ഥാനാര്‍ഥികൾ എട്ടാംക്ലാസ് വരെ മാത്രം പഠിച്ചവരാണ്. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍, അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയിലാണ് വിദ്യാഭ്യാസ യോഗ്യതയെന്ന് 639 സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു. ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളതായി അറിയിച്ചത് 836 സ്ഥാനാര്‍ഥികളാണ്. 36 പേര്‍ തങ്ങള്‍ നിരക്ഷരരാണെന്ന് വ്യക്തമാക്കിയപ്പോള്‍ നാലുപേര്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിരുന്നില്ല. 

രണ്ടാംഘട്ടത്തില്‍, 533 സ്ഥാനാര്‍ഥികളാണ് അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയ്ക്ക് വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയത്. 574 പേര്‍ ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസയോഗ്യതയുണ്ടെന്ന് അറിയിച്ചപ്പോള്‍ 37 പേര്‍ തങ്ങള്‍ക്ക് അക്ഷരാഭ്യാസമുണ്ടെന്ന് അറിയിച്ചു. എട്ടുപേര്‍ നിരക്ഷരരാണെന്ന് വ്യക്തമാക്കിയപ്പോള്‍ മൂന്നുപേര്‍ തങ്ങളുടെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തിയില്ല.

മൂന്നാംഘട്ടത്തില്‍ 19 നിരക്ഷര സ്ഥാനാര്‍ഥികളാണുള്ളത്. 56 പേര്‍ തങ്ങള്‍ക്ക് അക്ഷരാഭ്യാസമുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ മൂന്നുപേര്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയില്ല. അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളത് 639 പേര്‍ക്കാണ്. 591 പേര്‍ക്ക് ബിരുദവും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുണ്ട്.

നാലാം ഘട്ടത്തില്‍ മത്സരിച്ചവരിൽ 26 സ്ഥാനാര്‍ഥികള്‍ തങ്ങള്‍ നിരക്ഷരരാണെന്ന് വ്യക്തമാക്കി. അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 644 പേരും ബിരുദമോ അതിന് മുകളിലോ യോഗ്യതയുള്ള 944 പേരും അക്ഷരാഭ്യാസമുള്ള 30 പേരുമാണ് മത്സരിച്ചത്. 

അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 293 പേരാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 349 പേരും അക്ഷരാഭ്യാസമുണ്ടെന്ന് വ്യക്തമാക്കിയ 20 പേരുമുണ്ട്. അഞ്ചുപേര്‍ നിരക്ഷരരാണ്. രണ്ട് സ്ഥാനാര്‍ഥികള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിട്ടില്ല.

ആറാം ഘട്ടത്തിലെ സ്ഥാനാര്‍ഥികളില്‍ 13 സ്ഥാനാര്‍ഥികളാണ് നിരക്ഷരര്‍. അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 332 പേരുണ്ട്. 487 പേര്‍ക്ക് ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളപ്പോള്‍ 22 പേര്‍ ഡിപ്ലോമക്കാരാണ്. 12 പേര്‍ അക്ഷരാഭ്യാസമുള്ളതായി വ്യക്തമാക്കുന്നു.

ഏഴാംഘട്ടത്തില്‍ അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 402 സ്ഥാനാര്‍ഥികളാണുള്ളത്. 430 പേര്‍ ബിരുദമോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 20 പേര്‍ ഡിപ്ലോമക്കാരും 26 പേര്‍ അക്ഷരാഭ്യാസമുള്ളവരുമാണ്. 24 പേരാണ് നിരക്ഷരര്‍. രണ്ട് സ്ഥാനാര്‍ഥികള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിട്ടില്ല.

loksabha elections adr report