ന്യൂഡൽഹി: അവസാനഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ, 26.30 ശതമാനമാണ് പോളിങ്. മറ്റ്ഘട്ടങ്ങളെ പോലെ ഇത്തവണയും പോളിങ് മന്ദഗതിയിലാണ് നീങ്ങുന്നത്. ഏഴാംഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57പാർലമെന്റ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്-31.92 ശതമാനം. ഏറ്റവും കുറവ് ഒഡിഷയിലും-22.64 ശതമാനം. ചണ്ഡീഗഢ്, ഝാർഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
10.06 കോടി വോട്ടർമാരാണ് ജനവിധി നിർണയിക്കുന്നത്. അതിൽ 5.24 കോടി പുരുഷൻമാരും 4.82 സ്ത്രീ വോട്ടർമാരുമാണ്. യു.പിയിലെ വാരണാസിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത്. കോൺഗ്രസിന്റെ അജയ് റായ് ആണ് എതിരാളി. വോട്ടെടുപ്പ് അവസാനിക്കുന്ന മുറക്ക് എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.