ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഡൽഹിയിലെ ഏഴു സീറ്റുകളുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലായി 58 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മനേകാ ഗാന്ധി, മനോജ് തിവാരി, മെഹബൂബ മുഫ്തി, കനയ്യ കുമാർ തുടങ്ങിയ പ്രമുഖരുൾപ്പെടെ 11 കോടി വോട്ടർമാർ ഇന്ന് 889 സ്ഥാനാർഥികളുടെ വിധി നിശ്ചയിക്കും.
തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തിന്റെ ഭാഗമാകുന്ന എല്ലാ വോട്ടർമാരും തങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്ത് ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു.‘‘ഓരോ വോട്ടും വിലപ്പെട്ടതാണ്. അതുകൊണ്ട് ഓരോരുത്തരും തങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തുക. ജനാധിപത്യം മുന്നോട്ടുകുതിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങൾ അതിൽ സജീവമായി ഇടപെടുമ്പോഴാണ്. സ്ത്രീ വോട്ടർമാരോടും യുവാക്കളോടും വോട്ട് രേഖപ്പെടുത്തണമെന്ന് ഞാൻ പ്രത്യേകം അഭ്യർഥിക്കുന്നു.’’ പ്രധാനമന്ത്രി പറഞ്ഞു.
ഹരിയാന(10), ബിഹാർ(8), ജാർഖണ്ഡ്(4),ഒഡിഷ(6), ഉത്തർ പ്രദേശ്(14), പശ്ചിമ ബംഗാൾ(8), ഡൽഹി(7), ജമ്മു കശ്മീർ(1) എന്നവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കുന്നുണ്ട്.