ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചതിന് പിന്നാലെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.രാജ്യത്തിന്റെ വിധിനിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്.അടുത്ത സർക്കാർ 140 കോടി ജനങ്ങളുടേതാവണോ അതോ ശതകോടീശ്വരൻമാരുടേത് ആവണോയെന്ന് തീരുമാനിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. എക്സിലെ പോസ്റ്റിലാണ് രാഹുലിന്റെ പ്രതികരണം.ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കുന്ന സൈനികരാവുകയെന്നതാണ് എല്ലാവരുടേയും ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ വോട്ടിങ് ആരംഭിച്ചിരുന്നു. 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, കർണാടക, അസം, ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമബംഗാൾ, തൃപുര, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.ജമ്മു മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കുകയാണ്.1202 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിനുണ്ട്. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത് . കോൺഗ്രസിലെ മറ്റൊരു പ്രമുഖനായ ശശി തരൂരും രണ്ടാംഘട്ടത്തിലെ സ്ഥാനാർഥി പട്ടികയിലുണ്ട്. ഹേമമാലിനി, അരുൺ ഗോവിൽ എന്നിവരാണ് ജനവിധി തേടുന്ന മറ്റ് പ്രമുഖർ.