ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോദി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും അദ്ദേഹം പരിഹസിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.അതെസമയം തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നിൽ ഓരോ ദേശീയ മാധ്യമങ്ങൾക്കും ചില രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചിരുന്നു. എക്‌സിറ്റ് പോളിൽ വിശ്വാസമില്ലെന്നും ഇൻഡ്യ മുന്നണി വിജയിക്കുമെന്നുമാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ 20ൽ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
എക്‌സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് ഡീൻ കുര്യാക്കോസ് എംപിയും പ്രതികരിച്ചു. ഇൻഡ്യ സഖ്യം തന്നെ അധികാരത്തിൽ വരും. 2004ൽ എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. ഇടുക്കിയിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. പ്രവചവനങ്ങൾക്ക് എല്ലാം അപ്പുറം രാജ്യത്തെ ജനത ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഷാഫി പ്രതികരിച്ചു.
മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 400 സീറ്റ് അവകാശപ്പെടുന്ന എൻഡിഎക്ക് 358 സീറ്റിൽ വരെ വിജയം എൻഡിടിവി പോൾ ഓഫ് പോൾസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികൾക്ക് 37 സീറ്റുകൾ വരെയും പോൾ ഓഫ് പോൾസ് പ്രവചിക്കുന്നുണ്ട്.