ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.ഏറ്റവും കൂടുതൽ സീറ്റുകളുള്ള സംസ്ഥാനമാണ് യുപി.80 സീറ്റുകളിലാണ് പോരാട്ടം നടക്കുന്നത്.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ 80 സീറ്റുകളിൽ 62 എണ്ണവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയാണ് നേടിയത്.അന്നത്തെ സഖ്യകക്ഷികളായ ബിഎസ്‌പിയും സമാജ്‌വാദി പാർട്ടിയും യഥാക്രമം 10, അഞ്ച് സീറ്റുകൾ നേടിയിരുന്നു.
എന്നാൽ ഇത്തവണ, സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പ്രതിപക്ഷമായ ഇൻഡ്യാ സഖ്യത്തിന് വേണ്ടി കെട്ടുറപ്പിച്ചതോടെ ബിഎസ്പി ഒറ്റയ്ക്കാണ്.കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബ കോട്ടകളായ അമേഠിയും റായ്ബറേലിയും പിടിച്ചെടുക്കേണ്ടത് അഭിമാനപ്രശ്നമാണ്. കഴിഞ്ഞ തവണ ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി പരാജയപ്പെട്ട അമേഠിയിൽ ഇത്തവണ വിജയം തിരിച്ചുപിടിക്കേണ്ടത് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമാണ്.
അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി 62 സീറ്റുകളിലും കോൺഗ്രസ് 17 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.ബിജെപി അതിൻ്റെ പഴയ സഖ്യകക്ഷിയായ അപ്നാ ദളിൽ (സോനേലാൽ) ഉറച്ചുനിൽക്കുകയും ജയന്ത് ചൗധരിയുടെ ആർഎൽഡിയെയും ഒപി രാജ്ഭറിൻ്റെ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയെയും എൻഡിഎ പാളയത്തിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.എക്‌സിറ്റ് പോളുകൾ ഉത്തർപ്രദേശിൽ എൻഡിഎയ്ക്ക് മുൻതൂക്കം നൽകിയെങ്കിലും ഇൻഡ്യാ മുന്നണഇ നേതാക്കൾ ഈ പ്രവചനങ്ങൾ തള്ളിക്കളയുകയായിരുന്നു.
ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് എൻഡിഎ (ബിജെപി 42, ആർഎൽഡി 2) 44ൽ ലീഡ് ചെയ്യുകയാണ്. ഇൻഡ്യാ മുന്നണി 34ലും (എസ്പി 28ലും കോൺഗ്രസ് ആറിനും) ലീഡ് തുടരുകയാണ്.
പ്രധാന സീറ്റുകളിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിൻ്റെ അജയ് റായിയെക്കാൾ മുന്നിട്ടുനിൽക്കുമ്പോൾ, റായ്ബറേലിയിൽ രാഹുൽ ഗാന്ധിയാണ് മുന്നിൽ.സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കനൗജ് ലോക്‌സഭാ സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.