ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ റെക്കോർഡ് സംഖ്യയിൽ വോട്ട് രേഖപ്പെടുത്തണമെന്ന് വോട്ടർമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടിംഗ് ശതമാനം ഉയരുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.യുവ വോട്ടർമാരും സ്ത്രീ വോട്ടർമാരും പോളിംഗ് ബൂത്തുകളിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
” ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ന് വോട്ട് ചെയ്യുന്ന എല്ലാവരോടും വോട്ട് രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുകയാണ്.വോട്ടർമാരുടെ എണ്ണം ഉയരുന്നത് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണ്. എല്ലാ യുവ വോട്ടർമാരോടും സ്ത്രീ വോട്ടർമാരോടും നിങ്ങളുടെ അവകാശം പരമാവധി വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ശബ്ദം” എന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
രണ്ടാം ഘട്ടത്തിൽ ആദ്യ ഘട്ടത്തിൽ ഉണ്ടായതിനേക്കാൾ വോട്ടിംഗ് ശതമാനം ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2019നെ അപേക്ഷിച്ച് ഇക്കുറി നടന്ന ആദ്യ ഘട്ടത്തിൽ പോളിംഗ് ശതമാനത്തിൽ കുറവ് വന്നിരുന്നു. പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
രാജ്യത്തെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം(20), കർണാടക(14), രാജസ്ഥാൻ(13), ഉത്തർപ്രദേശ്(8), മഹാരാഷ്‌ട്ര(8), മധ്യപ്രദേശ്(7), അസം(5), ബിഹാർ(5), ബംഗാൾ(3), ഛത്തീസ്ഗഡ്(3), ജമ്മു കശ്മീർ(1), മണിപ്പൂർ(1), ത്രിപുര(1) എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം.