ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 93 മണ്ഡലങ്ങളിലാണ് ജനങ്ങൾ വിധിയെഴുതുന്നത്.120 സ്ത്രീകൾ ഉൾപ്പെടെ 1,300 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
സൂറത്തിൽ ബിജെപി എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കിയുള്ള 25 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്‌ട്രയിൽ 11 സീറ്റുകളിലേക്കും, ഉത്തർപ്രദേശിൽ 10 സീറ്റുകളിലേക്കും, കർണാടകയിൽ 28 സീറ്റുകളിൽ 14 സീറ്റുകളിലേക്കും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഛത്തീസ്ഗഡിൽ 7, ബിഹാറിൽ 5, അസമിലും പശ്ചിമ ബംഗാളിലും 4 സീറ്റുകളുമാണുള്ളത്. ഗോവയിലെ രണ്ട് സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ, കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് ജനവിധി തേടും. രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൊന്നായ മഹാരാഷ്‌ട്രയിലെ ബരാമതിയിലും കടുത്ത പോരാട്ടം നടക്കുന്നത്.
പവാർ കുടുംബാംഗങ്ങൾ തമ്മിലാണ് ഇവിടെ നേർക്കുനേർ മത്സരത്തിനൊരുങ്ങുന്നത്. എൻസിപി സ്ഥാപകനും സിറ്റിംഗ് എംപിയുമായ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയാണ് ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ഭാര്യയായ സുനേത്ര പവാറിനെ നേരിടുന്നത്.
8.39 കോടി സ്ത്രീകളുൾപ്പെടെ 17.24 കോടി ആളുകളാണ് സമ്മതിദായക അവകാശം വിനിയോഗിക്കുന്നത്. 18.5 ലക്ഷം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 1.85 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 543 സീറ്റുകളിൽ 189 സീറ്റുകളിലേക്കാണ് ആദ്യ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയായത്. തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം മേയ് 13, മേയ് 20, മേയ് 25, ജൂൺ 1 തുടങ്ങിയ തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. ഫലപ്രഖ്യാപനം ജൂൺ നാലിന്.