ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. ശനിയാഴ്ച നടക്കുന്ന ഏഴാംഘട്ട തെരഞ്ഞെടുപ്പിൽ ആകെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബിലെയും ഹിമാചൽ പ്രദേശിലെയും മുഴുവൻ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഈ ഘട്ടത്തിൽ വിധിയെഴുതും.
ഉത്തർപ്രദേശിലും ബംഗാളിലും ബിഹാറിലും, ജാർഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.അതെസമയം വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പരസ്യ പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാനായി കന്യാകുമാരിയിലെത്തും.
ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് തിരിക്കുക.തുടർന്ന് കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നരേന്ദ്രമോദി വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും.മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം.തുടർന്ന് ജൂൺ ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ഡൽഹിയിലേക്ക് തിരിക്കും.
അതെസമയം പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.വിവേകാനന്ദപ്പാറ യിലേക്കുള്ള സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.സുരക്ഷയ്ക്കായി നിലവിൽ രണ്ടായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.കന്യാകുമാരി ഗസ്റ്റ് ഹൗസിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയൽ റണ്ണടക്കം നടത്തിയിരുന്നു.