ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് 64.40 ശതമാനം പോളിങ്ങ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോളിങ്ങ് നടന്നത് അസമിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ്. 81.71 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. 57.34 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്.
അതെസമയം ഛത്തീസ്ഗഡ്, ഗോവ, കർണ്ണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പോളിങ്ങ് ശതമാനം എഴുപതിന് മുകളിലാണ്. ഛത്തീസ്ഗഡ്- 71.06%, ഗോവ-75.20%, കർണാടക-70.41%, പശ്ചിമ ബംഗാൾ-76.52% എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ പോളിങ്ങ് ശതമാനം. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ദാദ്ര നഗർ ഹവേലി & ദാമൻ ദിയുവിലും പോളിങ്ങ് 60 ശതമാനത്തിന് മുകളിലാണ്.
മധ്യപ്രദേശ്-66.05%, മഹാരാഷ്ട്ര-61.44%, ദാദ്ര നഗർ ഹവേലി & ദാമൻ ദിയു-69.87% എന്നിങ്ങനെയാണ് പോളിങ്ങ്. ഉത്തർപ്രദേശിലും ബിഹാറിലും ഗുജറാത്തിലുമാണ് പോളിങ്ങ് 60 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയത്. ബിഹാർ - 58.18%, ഗുജറാത്ത്-59.51%, ഉത്തർപ്രദേശ് -57.34% എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.
10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. 93 മണ്ഡലങ്ങളിൽ 72ലും 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റിലും 2019ൽ വിജയിച്ചത് ബിജെപിയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം അസം ഒഴികെയുള്ള ബിജെപി സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലും ഗുജറാത്തിലും പോളിങ്ങ് അറുപത് ശതമാനത്തിന് താഴെയായിരുന്നു. മൂന്നാംഘട്ടത്തിൽ ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. ബിജെപി-ജെഡിയും സഖ്യം 2019ൽ തൂത്തുവാരിയ ബിഹാറിലും പോളിങ്ങ് ശതമാനം അറുപതിന് താഴെ നിന്നു.
ബിജെപിയുടെ ശക്തി കേന്ദ്രമായ മധ്യപ്രദേശിൽ പോളിങ്ങ് ശരാശരിക്ക് മുകളിലാണ്. ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷയുള്ള മഹാരാഷ്ട്രയിലും ബിഹാറിലും പോളിങ്ങ് ശതമാനം ശരാശരിക്കും താഴെയാണ്. കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന കർണാകടയിൽ പോളിങ്ങ് 70 ശതമാനത്തിന് മുകളിലാണ്.
ഗുജറാത്തിലെ 25 സീറ്റുകൾ, കർണാടകയിൽ ബാക്കിയുള്ള 14 സീറ്റുകൾ, മഹാരാഷ്ട്രയിലെ 11, ഉത്തർപ്രദേശിലെ 10 സീറ്റുകളിലുമാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ അസം - 4, ഛത്തീസ്ഗഡ് -7, ബിഹാർ അഞ്ച്, മധ്യപ്രദേശ് 9, പശ്ചിമ ബംഗാൾ നാല്, ഗോവ, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലുമാണ് മൂന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരമുള്ള പോളിങ്ങ് ശതമാനം
അസാം -81.71%
ബിഹാർ - 58.18%
ഛത്തീസ്ഗഡ്- 71.06%
ദാദ്ര നഗർ ഹവേലി & ദാമൻ ദിയു-69.87%
ഗോവ-75.20%
ഗുജറാത്ത്-59.51%
കർണാടക-70.41%
മധ്യപ്രദേശ്-66.05%
മഹാരാഷ്ട്ര-61.44%
ഉത്തർപ്രദേശ് -57.34%
പശ്ചിമ ബംഗാൾ-76.52%