ന്യൂഡൽഹി: രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഐക്യകണ്ഠേന പാസ്സാക്കി. ദിഗ്‌വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്തുണച്ചു. പ്രമേയത്തെ രാഹുൽ എതിർത്തില്ല. ഇന്നു വൈകിട്ട് 5നു ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കും. ശേഷം ഈ നേതാവായിരിക്കും ലോക്സഭയിലെയും രാജ്യസഭയിലെയും നേതാക്കളെ തിരഞ്ഞെടുക്കുക. നിലവിൽ സോണിയ ഗാന്ധിയാണ് പാർലമെന്ററി പാർട്ടി നേതാവ്.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രാഹുൽ, റായ്ബറേലിയിലാണോ വയനാടാണോ തുടരുക എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശീയ നേതാവായതിനാൽ രാഹുൽ ഉത്തരേന്ത്യയിൽ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. എംപിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഈ മാസം 17നു പാർലമെന്റിൽ ചേരുന്ന കോൺഗ്രസ് യോഗത്തിന് മുന്നോടിയായി ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
രാഹുൽ 140 കോടി ജനങ്ങളുടെ ശബ്ദമാണെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഭിപ്രായപ്പെട്ടത്. ‘‘പ്രവർത്തക സമിതിയുടെ തീരുമാനം എന്താണെന്ന് അറിയില്ല. 140 കോടി ജനങ്ങളുടെ ആവശ്യം തന്നെയാണ് ഞങ്ങളുടെ ആവശ്യവും. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്നതാണ് അത്. തൊഴിൽരഹിതർക്കും സ്ത്രീകൾക്കും വേണ്ടി പോരാട്ടം നയിച്ച ആളാണ് രാഹുൽ’’–രേവന്ത് റെഡ്ഡി പറഞ്ഞു.