ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിൽ അഹമ്മദാബാദിലെ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്ററി സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 8 മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തിയായിരുന്നു അദ്ദേഹം സമ്മതിദായക അവകാശം വിനിയോഗിച്ചത്.മുതിർന്നവരോടും കുട്ടികളോടും സൗഹൃദ സംഭാഷണം നടത്തിയ ശേഷമായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
രാജ്യത്തെ എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദായക അവകാശം ഉപയോഗപ്പെടുത്തണമെന്ന സന്ദേശം നൽകിയാണ് പ്രധാനമന്ത്രി ഗാന്ധി നഗർ മണ്ഡലത്തെത്തി വോട്ട് രേഖപ്പെടുത്തിയത്.അതെസമയം ചില വിദേശ ശക്തികൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യ വികസിത രാജ്യമാകാതിരിക്കാൻ ചിലർ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ ഇത് ചെറുത്ത് തോൽപ്പിക്കുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ നിഷാൻ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങൾ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു.പ്രജ്വൽ രേവണ്ണയുടേത് ഹീനമായ കുറ്റകൃത്യമാണെന്നും പ്രജ്വലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോദി അറിയിച്ചു. ഒരു സമുദായം വോട്ട് ചെയ്യുന്നത് വരെ കോൺഗ്രസ് നടപടി എടുത്തില്ലെന്നും മോദി വിമർശിച്ചു.