ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴിച നടക്കും.12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിച്ചു. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യുപിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവയിലടക്കമാണ് പരസ്യ പ്രചാരണം അവസാനിച്ചത്.
ഗുജറാത്തിലെ 26 മണ്ഡലങ്ങളിൽ ഒറ്റ ഘട്ടമായി ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ദാദ്ര നഗർഹവേലി, ദാമൻ ദിയു എന്നിവയാണ് മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങൾ.ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 19 ന് ഒന്നാം ഘട്ടവും 26 ന് രണ്ടാം ഘട്ടവും പൂർത്തിയായിരുന്നു. ജമ്മു കശ്മീരിലെ അനന്ത്നാഗ്- രജൗറി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മെയ് ഏഴിൽ നിന്ന് മെയ് 25ലേക്ക് മാറ്റി.
പ്രധാന മന്ത്രി യുപിയിലെത്തി അയോധ്യയിലെ റോഡ് ഷോ അടക്കമുള്ള പരിപാടികളിൽ മോദി പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷാ ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഞായറാഴ്ച റാലികൾ നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിൽ റാലികളിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിങ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്ത് ഉണ്ട്. സൂറത്തിൽ എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളിലും രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പിൽ വിചാരിച്ച രീതിയിൽ പോളിങ് നടക്കാത്തത് രാഷ്ടീയ പാർട്ടികളിൽ ആശങ്ക പരത്തിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിൽ 62 ശതമാനത്തോട് അടുത്ത് മാത്രമായിരുന്നു പോളിങ്. പൊതുവെ കനത്ത പോളിങ് രേഖപ്പെടുത്തുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തവണ കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്. മൂന്നാം ഘട്ടത്തിൽ പോളിങ് കൂടുതൽ രേഖപ്പെടുത്തുമെന്നാണ് കരുതുന്നതെങ്കിലും വടക്കേ-ഇന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന കനത്ത ചൂട് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.