കൊൽക്കത്ത: പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും കുളത്തിലെറിഞ്ഞു. സൗത്ത് 24 പർഗാന ജില്ലയിലെ കുൽതായിയിലെ 40,41 ബൂത്തുകളിലാണ് സംഘർഷമുണ്ടായത്. ബി.ജെ.പി പ്രവർത്തകരാണ് വോട്ടിങ് യന്ത്രം കുളത്തിലെറിഞ്ഞതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
വോട്ട് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് അനുവദിക്കില്ലെന്ന് ആരോപിച്ച് ബി.ജെ.പിയും രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ പശ്ചിമബംഗാളിലെ ഒമ്പത് ലോക്സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ദംദം, ബർസാത്, ബാഷിർഹാട്ട്, ജയനഗർ, മാതുർപുർ, ഡയമണ്ട് ഹാർബർ, ജാദവ്പുർ, കൊൽക്കത്ത ദക്ഷിൺ, കൊൽക്കത്ത ഉത്തർ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് ബംഗാളിൽ പോളിങ് പുരോഗമിക്കുന്നത്. 967 കമ്പനി കേന്ദ്രസേനയേയും 33,000 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.ഏഴു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്.