ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരായ അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇഡി അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാൾ നൽകിയ ഹർജിയിലാണ് ഇന്ന് സുപ്രീംകോടതി വിധി പറയുക.ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കേസിൽ മെയ് 17ന് ഹർജിയിൽ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരുന്നു.ഹവാല വഴി ആം ആദ്മി പാർട്ടിക്ക് (എഎപി) പണം അയച്ചതിന് തെളിവുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദത്തിനിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.കേസിലെ കുറ്റകൃത്യങ്ങളുടെ വരുമാനം സംബന്ധിച്ച് കെജ്‌രിവാളും ഹവാല ഓപ്പറേറ്റർമാരും തമ്മിലുള്ള ചാറ്റുകളും ഇഡി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു.
അതെസമയം കെജ്രിവാളിന്റെ അറസ്റ്റിനെ പ്രതിരോധിക്കാൻ ഇഡി ഇപ്പോൾ ഇന്നയിക്കുന്ന കാര്യങ്ങൾ അറസ്റ്റിനിടെ ഉണ്ടായിരുന്നില്ലെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദിച്ചിരുന്നു.
പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള തൻ്റെ അറസ്റ്റ് അന്യായമാണെന്നും പ്രേരിതമാണെമ്മും കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകുന്നതിനിടെ വാദിച്ചിരുന്നു.
കേസിൽ അയച്ച ഒമ്പത് സമൻസുകളും ഒഴിവാക്കിയ ആം ആദ്മി പാർട്ടിയുടെ (എഎപി) ദേശീയ കൺവീനറായ കെജ്രിവാളിനെ മാർച്ച് 21-നാണ് ഇഡി അറസ്റ്റ് ചെയ്തത്.