ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.പിഇറ്റി-സിറ്റി സ്കാനുകളും മറ്റ് മെഡിക്കൽ പരിശോധനകൾക്കും വേണ്ടിയാണ് ജാമ്യ കാലാവധി നീട്ടാൻ ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി (എഎപി) പറഞ്ഞു.
കേസിൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ദിവസമായ ജൂൺ 1 വരെയാണ് സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.തുടർന്ന് ജൂൺ 2 ന് കീഴടങ്ങാനും ജയിലിലേക്ക് മടങ്ങാനും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.അതെസമയം മദ്യനയ കേസ് പൂർണമായും വ്യാജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായും കേസിൽ അറസ്റ്റിലായ എല്ലാവരെയും വിട്ടയക്കണമെന്നും അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
2021-22 ലെ ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിയിൽ സഞ്ജയ് സിംഗ്, മനീഷ് സിസോദിയ എന്നിവർക്ക് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചതായി ഒരു പത്രസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.രാജ്യവ്യാപകമായി 500-ലധികം റെയ്ഡുകൾ നടത്തുകയും നിരവധി അറസ്റ്റുകൾ നടത്തുകയും ചെയ്തിട്ടും തെറ്റായ നടപടികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.എന്നാൽ കെജ്‌രിവാൾ പരിചയസമ്പത്തുള്ള ഒരു കള്ളൻ ആയതിനാൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.