ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റിനെ ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നേരത്തെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈകോടതി തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാൾ ഉൾപ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ടെന്ന് ചൂണ്ടികാണിച്ചാണ് ഹർജി ഹൈകോടതി തള്ളിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പകപോക്കലാണെന്ന കെജ്‌രിവാളിൻറെ വാദവും കോടതി തള്ളിയിരുന്നു.മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.അതെസമയം കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡിയും തിങ്കളാഴ്ച അവസാനിക്കും.