ന്യൂഡല്‍ഹി: മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി ഡല്‍ഹി കോടതി. ഓഗസ്റ്റ് 20 വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി കാലാവധി നീട്ടിയത്. നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സിബിഐയുടെ അപേക്ഷ മാനിച്ച് പ്രത്യേക ജഡ്ജിയായ കാവേരി ബവേജയാണ് ഉത്തരവിട്ടത്.
202122 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇ.ഡി. കസ്റ്റഡിയില്‍ ഇരിക്കെ കഴിഞ്ഞ ജൂണ്‍ 26 ന് സിബിഐ അറസ്റ്റ് ചെയ്യുകയും ജൂലൈ 29ന് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
ജൂലൈ 12 ന് ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹത്തിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു.