ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ സി.ബി.ഐക്ക് നോട്ടീസയച്ച് ഡൽഹി ഹൈകോടതി.കെജ്‍രിവാൾ ജാമ്യത്തിനായി കീഴ് കോടതിയെ സമീപിക്കണമെന്ന സി.ബി.ഐയുടെ വാദം ഹൈകോടതി ആദ്യം അംഗീകരിച്ചിരുന്നു.എന്നാൽ പിന്നീട് വാദത്തിനിടെ കെജ്‍രിവാൾ നേരിട്ട് ഹൈകോടതിയിൽ നൽകിയ ഹരജി പരിഗണിക്കാൻ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‍വി ആണ് ഹാജരായത്. കെജ്രിവാൾ വിമാനം റാഞ്ചിയ ആളോ തീവ്രവാദിയോ അല്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ശേഷമാണ് അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ വാദിച്ചു.
തുടർന്ന് ഹരജിക്കാരൻ നേരിട്ട് നൽകിയ ഹർജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജൂലൈ 17ന് ഹരജി വാദം കേൾക്കുന്നതിനാണ് കോടതി പട്ടികപ്പെടുത്തിയത്. സി.ബി.ഐയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹരജിയും ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണ്.
മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തത്. ജൂൺ 20ന് ഈ കേസിൽ ഡൽഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഹൈകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
അതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 12 വരെ നീട്ടിയിരിക്കുകയാണ്. ഡൽഹി എയിംസ് രൂപീകരിച്ച മെഡിക്കൽ ബോർഡുമായുള്ള കൂടിയാലോചനയിൽ ഭാര്യയുടെ സാന്നിധ്യം കൂടി വേണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജിയിൽ വിധി പറയുന്നതും കോടതി മാറ്റിവെച്ചിരിക്കുകയാണ്.