ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി.അറസ്റ്റ് ചെയ്തതിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കെജ്രിവാൾ അഴിമതി നടത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും തെളിയിക്കുന്ന നിർണായക തെളിവുകൾ ഇഡിയുടെ കൈവശമുണ്ടെന്ന് കോടതി വ്യക്തമാക്കി.ഇതോടെ അഴിമതിയുടെ രാജാവെന്ന് ഇ.ഡി വിശേഷിപ്പിച്ച കെജ്രിവാൾ കഴിഞ്ഞ ആഴ്ച സിറ്റി കോടതിയുടെ ഉത്തരവിന് അനുസൃതമായി ഏപ്രിൽ 15 വരെ ഡൽഹിയിലെ തിഹാർ ജയിലിൽ തുടരും.
മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയത്. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഹൈക്കോടതി ഉദ്ദേശിക്കുന്നില്ല. ആർക്കെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതോ, ഇലക്‌ടറൽ ബോണ്ട് നൽകുന്നതോ കോടതിയുടെ വിഷയമല്ല. മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നൽകാനാവില്ല. അറസ്റ്റ് സമയം തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസിയാണ്. ജഡ്ജിമാർ രാഷ്ട്രീയമായല്ല തീരുമാനം എടുക്കേണ്ടത്, നിയമപരമായിട്ടാണ്. ഏത് പാർട്ടിയുടെ ആളാണ് മുന്നിൽ നിൽക്കുന്നത് എന്നത് വിഷയല്ല. കോടതിക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
കോടതിയുടെ പരിഗണനയിലുള്ള വിഷയം കേന്ദ്രവും കേജ്‌രിവാളും തമ്മിലല്ല, ഹർജിക്കാരനും ഇഡിയും തമ്മിലാണെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു.മാത്രമല്ല കേസിൽ ഇ.ഡി നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്രിവാൽ ഹാജരാകാതെ വരുത്തിയ കാലതാമസം കസ്റ്റഡിയിലുള്ളവരെയും ബാധിച്ചതായും കോടതി കുറ്റപ്പെടുത്തി.