ധാക്ക: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെയും മറ്റ് ആറ് പേർക്കെതിരെയും കേസെടുത്തതായി റിപ്പോർട്ട്. പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പിൽ പലചരക്ക് കടയുടമ കൊല്ലപ്പെട്ട സംഭവത്തിലാണ് ഷെയ്ഖ് ഹസീനയ്ക്കെതിരായ നിയമനടപടിയെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിലെ പ്രക്ഷോഭം ശക്തമായതോടെ രാജി സമർപ്പിച്ച് നാടുവിട്ടതിനുശേഷം ഹസീനയ്ക്കെതിരെ എടുക്കുന്ന ആദ്യ നിയമ നടപടിയാണിത്. ധാക്കയിലെ മുഹമ്മദ്പുരിൽ ജൂലൈ 19-ന് നടന്ന വെടിവെപ്പിലാണ് അബു സയീദ് എന്ന പലചരക്ക് കടയുടമ കൊല്ലപ്പെട്ടത്.
അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ക്വാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കാമ എന്നിവരുൾപ്പെടെ നിരവധി ഉന്നത വ്യക്തികളാണ് കേസിലെ മറ്റ് പ്രതികൾ. കൂടാതെ, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി), ചൗധരി അബ്ദുല്ല അൽ മാമുൻ, മുൻ ഡി.ബി മേധാവി ഹരുനോർ റാഷിദ് എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ 91 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് സൈന്യത്തിന്റെ അന്ത്യശാസനം ലഭിച്ചതിന് പിന്നാലെ ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച ഷെയ്ഖ് ഹസീന രാജ്യം വിടുകയായിരുന്നു.