ന്യൂ ഡൽഹി: ഉഷ്ണ തരംഗം രൂക്ഷമായതിനെ തുടർന്ന് കറുത്ത ഗൗൺ ഉപയോഗത്തിന് ഇളവ് ആവശ്യപ്പെട്ട് അഭിഭാഷകർ. കറുത്ത കോട്ടും ഗൗണും ഉഷ്ണ തരംഗത്തെ കൂടുതൽ രൂക്ഷമാക്കുന്നുവെന്നാണ് അഭിഭാഷകർ വിശദമാക്കുന്നത്. വേനൽക്കാലത്ത് കറുത്ത കോട്ടിനും ഗൗണിനും മൂന്ന് ഹൈക്കോടതികൾ ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1961 മുതലുള്ള ഡ്രെസ് കോഡിലുള്ള മാറ്റം വേണമെന്നും അഭിഭാഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവണമെന്നാണ് അഭിഭാഷകർ പ്രതികരിക്കുന്നത്.
ഡൽഹിയിലെ ഒരു കോടതിയിൽ കേസ് പരിഗണിക്കുന്നത് കനത്ത ചൂടിൽ മാറ്റി വച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും പോലുള്ള ഉയർന്ന കോടതികളിൽ എയർ കണ്ടീഷണർ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും മിക്ക കീഴ്ക്കോടതികളിലും ഇത്തരം സംവിധാനങ്ങളില്ല. ചിലയിടങ്ങളിൽ കോടതിമുറികളിൽ കാറ്റ് പോലും കയറുന്നത് ദുഷ്കരമായ സാഹചര്യമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് വിശദമാക്കുന്നത്.