ഷിരൂർ: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്. കരയിലെ തിരച്ചിൽ അവസാനിപ്പിച്ച സൈന്യം ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് റഡാർ സംവിധാങ്ങൾ ഉപയോഗിച്ചാണ് നിലവിലെ തിരച്ചിൽ പുരോഗമിക്കുന്നത്.
നാവിക സേനയുടെ പരിശോധനയിൽ പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്ന് സോണാർ സിഗ്നൽ ലഭിച്ചിരുന്നു. ഇവിടം കേന്ദ്രീകരിച്ചായിരിക്കും ഇന്ന് തിരച്ചിൽ.വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണ് സോണാർ.
അതെസമയം ഇന്ന് മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. അർജുന് വേണ്ടിയുള്ള തെരച്ചിലിനായി ഇന്ന് 'ഐബോഡ്' സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് 'ഐബോഡ്'. അത്യാധുനികമായ ഈ സ്കാനർ സംവിധാനം ഡ്രോൺ ഉപയോഗിച്ചായിരിക്കും പ്രവർത്തിപ്പിക്കുക.
കഴിഞ്ഞവർഷത്തെ സിക്കിം പ്രളയത്തിൽ തെരച്ചിൽ നടത്താൻ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു.അതേസമയം, രക്ഷാപ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് കർണാടക സർക്കാർ കർണാടക ഹൈകോടതിയിൽ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൻറെ നിലവിലെ സാഹചര്യം അറിയിക്കണമെന്നും സംഭവം അതീവഗൗരവതരമെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു.
=