ബംഗളൂരു: കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നൽകിയത്. ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് നേട്ടമുണ്ടായി എന്നാണ് ആരോപണം.
ടി ജെ എബ്രഹാം, പ്രദീപ്, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ പരാതിയിലാണ് മുഖ്യമന്ത്രിക്കെതിരെ കർണാടക ഗവർണറുടെ നടപടി. ജൂലൈ 26 ന് ഗവർണർ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്തുകൊണ്ട് പ്രോസിക്യൂഷൻ നേരിടേണ്ടതില്ലെന്ന് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിന് മറുപടിയായി, ഭരണഘടനാ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഗവർണർ പിൻവലിക്കണമെന്ന് കർണാടക മന്ത്രിസഭ ശുപാർശ ചെയ്തിരുന്നു.
വിലയേറിയ ഭൂമിയ്ക്ക് പകരം നഗരത്തിന്റെ വിദൂര ഭാഗത്തുള്ള ഒരു പ്രദേശം കൈമാറി എന്നതാണ് മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂമി കുംഭകോണ ആരോപണം. 3,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രതിപക്ഷം ആരോപിച്ചത്.