കൊൽക്കത്ത: ആർ കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. കൊൽക്കത്തയിലെ പ്രത്യേക കോടതിയ്‌ക്ക് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചതായി അധികൃതർ അറിയിച്ചു. ഏകദേശം ഒരു മാസത്തെ അന്വേഷണത്തിനൊടുവിലാണ് സിബിഐ നടപടി.
ജൂനിയർ വനിതാ ഡോക്ടറെ, സിവിക് വൊളന്റിയറായ സഞ്ജയ് റോയ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂട്ടബലാത്സംഗം നടന്നതായി കുറ്റപത്രത്തിൽ പറയുന്നില്ല. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ സഞ്ജയ്, ഒറ്റയ്‌ക്ക് കുറ്റകൃത്യം നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സെമിനാർ ഹാളിലേക്ക് പുലർച്ചെയോടെ വനിതാ ഡോക്ടർ പോകുന്നതും ഇതിന് ശേഷം സഞ്ജയ് റോയ് പോകുന്നതും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ഓഗസ്റ്റ് 9-നാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയത്. യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഹൈക്കോടതി, കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ തെളിവുകൾ നശിക്കാൻ ശ്രമിച്ചതിൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.