കൊല്‍ക്കത്ത: പുതിയ കൊല്‍ക്കത്ത പോലീസ് കമ്മിഷണറായി മനോജ് കുമാര്‍ വര്‍മയെ നിയമിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിനീത് ഗോയലിന് പകരക്കാരനായിട്ടാണ് മനോജ് കുമാറിന്റെ നിയമനം. 1998 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മനോജ് കുമാര്‍. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി. പദവിയില്‍നിന്നാണ് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ സ്ഥാനത്തേക്ക് മനോജ് കുമാര്‍ എത്തുന്നത്.
ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗോയലിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മമത സര്‍ക്കാര്‍ നീക്കിയത് . സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എ.ഡി.ജി. ആയാണ് ഗോയലിന്റെ പുതിയ നിയമനം.
ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനം. ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിക്കുകയും ചെയ്തു.
എന്നാൽ, വിനീത് ഗോയലിനെയും ആരോഗ്യവകുപ്പ് ഡയറക്ടറയെും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സമരത്തിനിടെ ഓഗസ്റ്റ് 14-ന് ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജിന് നേരെ നടന്ന അക്രമത്തിന് വിനീത് ഗോയല്‍ നിശിത വിമര്‍ശനം നേരിട്ടിരുന്നു. സാഹചര്യം തെറ്റായി കൈകാര്യം ചെയ്തതായും നടപടിക്രമങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതായും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു, വ്യാപകമായ പ്രതിഷേധത്തിന് അദ്ദേഹത്തിന്റെ നടപടികള്‍ ഇടയാക്കി.