കൊൽക്കത്ത: വനിത ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടർന്ന് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.കഴിഞ്ഞ രാത്രിയിൽ ഏറെ വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പാളും അടക്കമുള്ളവർക്കാണ് മാറ്റം.
പുതുതായി നിയമിച്ച പ്രിൻസിപ്പാൾ സുഹൃദ പാൽ, പുതിയ മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പാളുമായ ബുൾബുൾ മുഖോപാധ്യായ, നെഞ്ച് രോഗ വിഭാഗം മേധാവി ഡോ.അരുണവ ദത്ത ചൗധരി എന്നിവരെയാണ് സ്ഥലം മാറ്റിയത്. പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്‌ടർമാരുടെയും വിദ്യാർഥികളുടെയും മൊത്തം വൈദ്യസമൂഹത്തിൻറെയും ആവശ്യ പ്രകാരമാണ് മാറ്റം എന്നാണ് സംസ്ഥാന ആരോഗ്യ സെക്രട്ടറി നാരായൺ സ്വരൂപ് നിഗമിൻറെ വിശദീകരണം.ഈ മാറ്റങ്ങളിലൂടെ ആരോഗ്യമേഖലയിലെ സേവനങ്ങൾ പഴയ പടി പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ആർജി കറിലെ മുൻ പ്രിൻസിപ്പാൾ സന്ദീപ് ഘോഷിനെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളജിലെ പ്രിൻസിപ്പാളായി നിയമിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞതായും നിഗം അറിയിച്ചു.
നേരത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വദേശി ഭവന് മുന്നിൽ ഡോക്‌ടർമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാരുടെ പ്രതിനിധികൾ വകുപ്പ് അധികൃതർക്ക് തങ്ങളുടെ ആവശ്യങ്ങളടങ്ങിയ പട്ടിക സമർപ്പിക്കുകയും ചെയ്‌തു. ഘോഷിൻറെ നിയമനം പിൻവലിക്കണമെന്നും പാലിനെ നീക്കം ചെയ്യണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് മുന്നോട്ട് വച്ചിരുന്നത്.അതേസമയം അധികൃതരുമായുള്ള കൂടിക്കാഴ്‌ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചില്ലെന്നും അത് കൊണ്ട് തന്നെ സമരപരിപാടികളുമായി മുന്നോട്ട് പോകുകയാണെന്നും അവർ വ്യക്തമാക്കി. സമ്മർദം കടുത്തതോടെ സർക്കാർ ഇവരെ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം കൊൽക്കത്തയിൽ വനിത ഡോക്‌ടറുടെ ബലാംത്സംഗ കൊലപാതകത്തിൽ സ്വമേധയായെടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണത്തിൻറെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ ഹാജരാക്കാൻ സിബിഐയോടും, ആശുപത്രി തല്ലിതകർത്ത സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ബംഗാൾ സർക്കാരിനോടും കോടതി നിർദേശിച്ചിരുന്നു.സംഭവത്തിൻറെ പശ്ചാത്തലത്തിൽ ഡോക്‌ടർമാരുടെ സുരക്ഷക്കായി കോടതി ദേശീയ തലത്തിൽ കർമ്മ സമിതി രൂപീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഓഗസ്റ്റ് ഒൻപതിനാണ് പിജി ട്രെയിനി ഡോക്‌ടറുടെ മൃതദേഹം ആർജി കർ ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്.