കൊൽക്കത്ത: കൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ച ഡോ.സന്ദീപ് ഘോഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി മെഡിക്കൽ കോളേജ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി.അവകാശികളില്ലാത്ത മൃതദേഹങ്ങൾ സന്ദീപ് ഘോഷ് വിറ്റതായി അദ്ദേഹം ആരോപിച്ചു. മാഫിയയിൽ കുറഞ്ഞ വിശേഷണമൊന്നും ഘോഷിന് നൽകാനില്ലെന്നും അദ്ദേഹത്തിനെതിരെ പരാതി നൽകിയതിന് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും അലി പറഞ്ഞു.
കൈക്കൂലി, ബയോമെഡിക്കൽ മാലിന്യക്കടത്ത് തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സന്ദീപ് ഘോഷിന് ഏർപ്പെട്ടിട്ടുണ്ടെന്ന് അലി വെളിപ്പെടുത്തി. കോളേജുമായി ബന്ധപ്പെട്ട് എല്ലാ ടെൻഡറുകൾക്കും 20 ശതമാനം കൈക്കൂലിയാണ് കരാറുകാരിൽ നിന്നും സന്ദീപ് ഘോഷ് ഈടാക്കിയിരുന്നത്. ബയോമെഡിക്കൽ മാലിന്യങ്ങളിൽ നിന്നും പോലും മറിച്ച് വിറ്റ് പണം വാങ്ങിയിരുന്നു. തോറ്റ വിദ്യർത്ഥികളെ ജയിപ്പാക്കാനായി വൻ തുകയാണ് ആവശ്യപ്പെട്ടിരുന്നത്.
ചില വിദ്യാർത്ഥികൾക്ക് ഗസ്റ്റ് റൂമിലിരുന്ന് മദ്യപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. മദ്യവും മറ്റ് ലഹരിവസ്തുക്കളും വാങ്ങി വിദ്യാർത്ഥികൾക്ക് നൽകും. പരീക്ഷയിൽ തോൽക്കില്ലെന്നും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയതിന് സർട്ടിഫിക്കറ്റ് നൽകാമെന്നും വാഗ്‌ദാനം ചെയ്‌ത് ഒരു വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപയോളം വാങ്ങിയിരുന്നു. ഈ വിഷയങ്ങൾ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയെ അറിയിച്ചിട്ടും ഘോഷിനെതിരെ ഒരു നടപടിയും എടുത്തില്ല. പകരം പരാതി നൽകിയ തന്നെ സ്ഥലം മാറ്റുകയാണ് ചെയ്തത്. ഭരണതലത്തിൽ ശക്തമായ സ്വാധീനമാണ് ഘോഷിന് ഉള്ളതെന്നും അക്തർ അലി ചൂണ്ടിക്കാട്ടി. 2021ലാണ് ആർജെ കർ ആശുപത്രിയിൽ ഘോഷ് പ്രിൻസിപ്പാളായി നിയമിതനായത്.
കഴിഞ്ഞ ദിവസം ഘോഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി അയൽവാസികളും രംഗത്തെത്തിയിരുന്നു. പ്രസവ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ ഭാര്യയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന ആരോപണമാണ് അയൽവാസികൾ ഉയർത്തിയിരിക്കുന്നത്. ബരാസതിലെ മുൻ അയൽവാസികളാണ് 12 വർഷങ്ങൾക്ക് മുൻപ് നടന്ന അതിക്രമങ്ങൾ വിവരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഘോഷ് അനാശാസ്യത്തിന് പേരുകേട്ട ആളാണെന്നാണും പ്രദേശവാസികൾ പറഞ്ഞിരുന്നു.