കൊൽക്കത്ത: രാജ്യത്തെ നടുക്കിയ കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകക്കേസിൽ ചോദ്യം ചെയ്യലിനിടെ ആർജി കർ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ മറുപടികളിൽ വൈരുധ്യം. സന്ദീപ് ഘോഷിന്റെ മൊഴികളും ആശുപത്രിരേഖകളും തീരെ ഒത്തുപോകുന്നില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ.ചോദ്യംച്ചെയ്യലിൽ നിരവധി ചോദ്യങ്ങളാണ് സിബിഐ സന്ദീപ് ഘോഷിന് മുൻപാകെ വെച്ചത്.വീട്ടുകാരെ അറിയിക്കാൻ ആരെ ചുമതലപ്പെടുത്തി?, കൊലപാതകം നടക്കുമ്പോൾ സന്ദീപ് ഘോഷ് എവിടെയായിരുന്നു? മരണ വിവരം അറിയിച്ചത് ആര് എന്നതടക്കമുള്ള സിബിഐ ചോദ്യങ്ങൾക്ക് മുൻപാകെ സന്ദീപ് ഘോഷ് പതറിയതായാണ് വിവരം.
സന്ദീപിന്റെ മറുപടികളും സഹപാഠികളുടെ മൊഴികളും, ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ ഡ്യൂട്ടി ചാർട്ടും വിശദമായി പരിശോധിച്ചപ്പോഴും മറുപടികളിൽ വലിയ വൈരുധ്യമുള്ളതായി സിബിഐ കണ്ടെത്തി. വനിതാ ഡോക്ടർ തുടർച്ചയായി 48 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നെന്നും കണ്ടത്തി. സന്ദീപ് ഘോഷിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.
നിലവിൽ ആർജി കർ മെഡിക്കൽ കോളേജ് പരിസരത്ത് പ്രതിഷേധങ്ങൾക്ക് നിയന്ത്രണമുണ്ട്. ആശുപത്രിയുടെ സമീപത്ത് ധർണകളോ, റാലികളോ പാടില്ലെന്ന് കൽക്കത്ത പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് പരിസരത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആക്രമിച്ച കേസിൽ നിലവിൽ 30പേരെയാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തതത്. ഇതിൽ രണ്ട് തൃണമൂൽ പ്രവർത്തകരും ഉൾപ്പെടും.
അതേസമയം, കൊൽക്കത്ത ലൈംഗികാതിക്രമ കൊലപാതകത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താനൊരുങ്ങുകയാണ് സിബിഐ. ഇതിനായി വിദഗ്ധ സംഘം ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലെത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കനത്തിരിക്കെ സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിലൊരു നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറിയത്. ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ആർജി കർ ആശുപത്രിയുടെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് രാജിവെച്ച സന്ദീപ് ഘോഷിനെതിരെ നടപടികൾ കടുപ്പിക്കുക തന്നെയാണ് സർക്കാരും വിവിധ ഡോക്ടർമാരുടെ സംഘടനകളും. സന്ദീപ് ഘോഷിനെ പുതിയ ആശുപത്രിയിൽ നിയമിച്ച ഉത്തരവ് മരവിപ്പിക്കണമെന്നും നാളെ തന്നെ തീരുമാനം അറിയിക്കാനും സർക്കാർ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തെ അക്കാദമിക പ്രവർത്തനങ്ങളിൽ നിന്ന് നീക്കുമെന്നും വിശദീകരണം തേടുമെന്നും സംഘടന ബംഗാൾ ഓർത്തോപീഡിക് അസോസിയേഷൻ അറിയിച്ചിരുന്നു.