ന്യൂഡൽഹി:കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഇന്ന് വാദം പുനരാരംഭിച്ചു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അതെസമയം സംഭവത്തിൽ സിബിഐ ഇന്ന് സുപ്രീം കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.ഇതിനു പുറമേ പശ്ചിമ ബംഗാൾ പോലീസും സ്ഥിതിവിവര റിപ്പോർട്ട് കോടതിക്കു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.സംഭവത്തിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സിബിഐയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ലഭിക്കുന്ന വിവരമനുസരിച്ച് ആഗസ്ത് 9 ന് രാവിലെ ആശുപത്രി കെട്ടിടത്തിലെ സെമിനാർ ഹാളിൽ മൃതദേഹം കണ്ടെത്തിയ സമയവും ലോക്കൽ പോലീസ് സ്റ്റേഷനിലെ സമയവും തമ്മിലുള്ള വ്യത്യാസമാണ് റിപ്പോർട്ടിലുള്ളത്.
മൃതദേഹം കണ്ടെത്തിയതിന് ശേഷം ആശുപത്രി അധികൃതർ, പ്രത്യേകിച്ച് മുൻ ആർജി പ്രിൻസിപ്പൽ സന്ദീപ് ഘോഷ് പോലീസിനെ അറിയിക്കാൻ ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഡോ.ഘോഷിനെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.
ആഗസ്റ്റ് 9 ന് രാവിലെ സെമിനാർ ഹാളിൽ ഇരയുടെ മൃതദേഹം ആദ്യം കണ്ട വ്യക്തിയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരവധി മെഡിക്കൽ, നോൺ-മെഡിക്കൽ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും മൃതദേഹം ആദ്യം കണ്ട വ്യക്തിയെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യുന്നവരിൽ നിന്ന് പരസ്പര വിരുദ്ധമായ മൊഴികളാണ് ലഭിച്ചതെന്നാണ് പറയുന്നത്.മൃതദേഹം ആദ്യം കണ്ട വ്യക്തിയെ കണ്ടെത്തിയാൽ ഈ വിഷയത്തിൽ ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിശ്വസിക്കുന്നതായും വൃത്തങ്ങൾ പറഞ്ഞു.
അതെസമയം ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്നു മറ്റു ഡോക്ടർമാർക്കെതിരേ യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ പാട്ടീൽ അധ്യക്ഷനായ ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരിന് കർശന നിർദേശം നൽകി.
സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ജെ ബി പർദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആർജി കർ മെഡിക്കൽ കോളജിനും ഹോസ്റ്റലിനും കൃത്യമായ സുരക്ഷയൊരുക്കാൻ സിഐഎസ്എഫിനും ബെഞ്ച് നിർദേശം നൽകി.
സംഭവത്തെത്തുടർന്ന് മെഡിക്കൽ കോളജിലും ഹോസ്റ്റലിലും മറ്റും നടന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് പശ്ചിമ ബംഗാൾ പോലീസിൽ നിന്നു കോടതി തേടിയത്. ഈ റിപ്പോർട്ടുകൾ സൂക്ഷ്മമായി പഠിച്ച ശേഷം കേസിൽ കൂടുതൽ വാദം കേൾക്കുമെന്നും അറിയിച്ചു.
കൂടാതെ മെഡിക്കൽ ജീവനക്കാർക്കു നേരെ തുടർച്ചയായി അരങ്ങേറുന്ന അക്രമസംഭവങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുന്നതിനായി ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും കോടതി തീരുമാനിച്ചു. സമരം നടത്തുന്ന ഡോക്ടർമാരോട് തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ബെഞ്ച് ആവർത്തിച്ചു. കേസിൽ വാദം തുടരുകയാണ്.