എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഖലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ ആക്രമണ ഭീഷണി

സിഖ് വിരുദ്ധ കലാപത്തിന്റെ വാര്‍ഷികം അടുക്കവെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ആക്രമണ ഭീഷണിയുമായി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പട്വന്ത് സിങ് പന്നു. നവംബര്‍ ഒന്നു മുതല്‍ 19 വരെ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു പറഞ്ഞു.

author-image
Rajesh T L
New Update
sikh

ഡൽഹി : സിഖ് വിരുദ്ധ കലാപത്തിന്റെ വാര്‍ഷികം അടുക്കവെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ആക്രമണ ഭീഷണിയുമായി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പട്വന്ത് സിങ് പന്നു. നവംബര്‍ ഒന്നു മുതല്‍ 19 വരെ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു പറഞ്ഞു. സിഖ് വിരുദ്ധ കലാപത്തിന്റെ വാര്‍ഷികം ആയതിനാല്‍ ആക്രമണം ഉണ്ടാകുമെന്നാണ് പന്നുവിന്റെ ഭീഷണി. ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടായ സാഹചര്യത്തില്‍ പന്നുവിന്റെ ഭീഷണിയെ ജാഗ്രതയോടെ വിലയിരുത്തുകയാണ് സുരക്ഷാ ഏജന്‍സികള്‍.

ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ബോംബ് ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. ഇതുവരെ മറ്റ് എയര്‍ലൈനുകള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശമെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണിത്.

കഴിഞ്ഞ വര്‍ഷവും പന്നു സമാനമായ രീതിയില്‍ ഭീഷണി സന്ദേശം പുറത്തിറക്കിയിരുന്നു. ഖാലിസ്ഥാന്‍ വാദം ഉന്നയിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ സ്ഥാപകനാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് 2020 ജൂലൈയില്‍ പന്നുവിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. അമേരിക്കയിലുള്ള പന്നുവിനെതിരെ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

നേരത്തേയും ഗുര്‍പത്വന്ത് സിങ് സമാനഭീഷണികള്‍ മുഴക്കിയിരുന്നു. ഡിസംബര്‍ 13-ന് മുമ്പ് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്നായിരുന്നു അത്. തുടര്‍ന്ന് സുരക്ഷ ഏജന്‍സികള്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരുമാറ്റുകയും നവംബര്‍ 19-ന് അടച്ചിടുകയും ചെയ്യണമെന്നും കഴിഞ്ഞവര്‍ഷം ഭീഷണി മുഴക്കുകയുണ്ടായി.

ഹമാസ് നടത്തിയതുപോലെ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ആക്രമിക്കുമെന്നും മുമ്പ് ഭീഷണി മുഴക്കിയിട്ടുണ്ട്. കാനഡയുടെയും യുഎസിന്റെയും പൗരത്വമുള്ള ഗുര്‍പട്വന്ത് സിങ് പന്നു സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ സ്ഥാപകനാണ്.  പഞ്ചാബില്‍ വിഘടനവാദത്തെ വളരെയധികം പിന്തുണയ്ക്കുന്നതാണ് പന്നുവിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി വാദിച്ചു കൊണ്ട് ഖലിസ്ഥാന്‍ ആശയത്തിനു പ്രോത്സാഹനം നല്‍കി. തുടര്‍ന്ന് ഖലിസ്ഥാന്‍ വിഘടനവാദത്തിന്റെ വക്താവായി മാറി. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുന്‍നിര്‍ത്തി യുഎസ്, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള പന്നു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് തുടര്‍ച്ചയായി കേസുകളും നടത്തുന്നുണ്ട്.

പലതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് 2020ല്‍ ഇന്ത്യ പന്നുവിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കൃഷിഭൂമിയും സര്‍ക്കാര്‍ കണ്ടുകെട്ടി. പഞ്ചാബില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2022 ഒക്ടോബറില്‍ പന്നുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് അയക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റര്‍പോള്‍ ഈ ആവശ്യം നിരസിച്ചു

flight bomb threat flight delay threatening case