ന്യുഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ (എസ്ഡിജി) കേരളം ഒന്നാം സ്ഥാനത്ത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിട്ടു. 79 പോയിൻുകളാണ് കേരളവും ഉത്തരാഖണ്ഡും നേടിയത്. 78 പോയിന്റുകളുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 77പോയിൻുകളുമായി ഗോവ മൂന്നാം സ്ഥാനത്തുമുണ്ട്. പട്ടികയിൽ ബീഹാറാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. 57 പോയിൻുകളാണ് ബീഹാറിന് നേടാനായത്.
2023-2024 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസനലക്ഷ്യം അറുപത്തിയാറിൽ നിന്ന് എഴുപത്തിയൊന്നായി ഉയർന്നെന്നും സൂചികയിൽ പറയുന്നു. രാജ്യത്തെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സാമൂഹിക-സാമ്പത്തിക വികസനം, ദാരിദ്ര നിർമാജ്ജനം, പരിസ്ഥിതി സംരക്ഷണം അടിസ്ഥാനപ്പെടുത്തിയാണ് സുസ്ഥിര വികസന സൂചിക തയ്യാറാക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗണ്ഡ്, പുതുച്ചേരി,ജമ്മുകാശ്മീർ, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 2020-2021 ൽ പ്രസിദ്ധീകരിച്ച സുസ്ഥിര വികസനലക്ഷ്യ സൂചികയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ തവണ പിന്നിലായിരുന്ന പഞ്ചാബ്, മണിപ്പുർ,അസാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇത്തവണ മികച്ചപ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും സൂചിക ചൂണ്ടിക്കാട്ടുന്നു.