പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ തനിക്ക് എതിരെ എടുത്ത മാനനഷ്ട കേസ് ചോദ്യം ചെയ്ത് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയുടെ സാധുത ചോധ്യം ചെയ്ത് കെജരിവാള്‍ പൊതുവേദികളിലും പത്രസമ്മേളനങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ ഗുജറാത്ത് സര്‍വകലാശാലയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നുള്ള മോദിയുടെ ബിരുദത്തിന്റെ സാധുതയെയാണ് കെജരിവാള്‍ പ്രധാനമായും ചോദ്യം ചെയ്തിരുന്നത്.
ഫെബ്രുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി കെജരിവാളിന്റെ ഹര്‍ജി തള്ളിയിരുന്നു. പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഗുജറാത്തിലെ വിചാരണ കോടതി നല്‍കിയ ക്രിമിനല് മാനനഷ്ട സമന്‌സ് റദ്ദാക്കണമെന്നായിരന്നു ഹര്‍ജിയിലെ ആവശ്യം. കൂട്ടുപ്രതി എഎപി നേതാവായ സഞ്ജയ് സിംഗും സമാനമായ ഹര്‍ജി നല്കിയിരുന്നു.
കെജരിവാളിന്റെ പരാമര്ശങ്ങള്‍ അവഹേളനപരവും യശസ്സിന് ഹാനികരവുമാണെന്ന് വിലയിരുത്തിയാണ് ഗുജറാത്ത് സര്‍വകലാശാല കെജരിവാളിന് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കെജരിവാളിനും എഎപി നേതാവ് സഞ്ജയ് സിംഗിനുമെതിരെ സര്‍വകലാശാല രജിസ്ട്രാര്‍ പീയൂഷ് പട്ടേല്‍ ആണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.