കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ട് അതീഷി

രാമായണത്തിലെ ഭരതൻറേതിനു സമാനമായ അവസ്ഥയാണ് തന്റേതെന്നും ശ്രീരാമന്റെ അഭാവത്തിൽ മെതിയടി സിംഹാസനത്തിൽ വച്ച് രാജ്യം ഭരിച്ചതുപോലെയാണ് ഇതെന്നും അതീഷി പറഞ്ഞു

author-image
Prana
New Update
atishi cm
Listen to this article
0.75x 1x 1.5x
00:00 / 00:00

മുൻ മുഖ്യമന്ത്രി കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണ് ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതീഷി മർലേന ചുമതലയേറ്റത്. കെജരിവാളിന്റെ മടങ്ങിവരവിന് വേണ്ടിയാണ് ആ കസേര ഒഴിച്ചിട്ടതെന്ന് അതീഷി മാധ്യമങ്ങളോട് പറഞ്ഞു. രാമായണത്തിലെ ഭരതൻറേതിനു സമാനമായ അവസ്ഥയാണ് തന്റേതെന്നും ശ്രീരാമന്റെ അഭാവത്തിൽ മെതിയടി സിംഹാസനത്തിൽ വച്ച് രാജ്യം ഭരിച്ചതുപോലെയാണ് ഇതെന്നും അതീഷി പറഞ്ഞു

"ഭരതൻ വഹിച്ച അതേ ഭാരമാണ് ഇന്ന് ഞാനും വഹിക്കുന്നത്. ശ്രീരാമന്റെ ചെരുപ്പുകൾ സിംഹാസനത്തിലിട്ട് രാജ്യം ഭരിച്ച അതേ മനോഭാവത്തോടെയാണ് അടുത്ത നാലുമാസം ഞാനും ഡൽഹി ഭരിക്കുക. അടുത്ത തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കെജ്‌രിവാളിന്റെ അധികാരത്തിലേറ്റും. ജനം അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുവരെ ഈ കസേര ഓഫീസിൽ ഇങ്ങനെ ഒഴിഞ്ഞുകിടക്കും. കെജ്‌രിവാളിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു"- അതീഷി പറഞ്ഞു.

അതേസമയം, കസേര നാടകമാണിതെന്ന് ബിജെപി പരിഹസിച്ചു. ആം ആദ്മി പാർട്ടി ഭരണഘടനയെ കളിയാക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഡൽഹിയിൽ ഷീലാ ദീഷിതിനും സുഷമാ സ്വരാജിനും ശേഷം ആദ്യമായാണ് ഡൽഹിയിൽ വനിത മുഖ്യമന്ത്രിയാകുന്നത്. ഡൽഹിയിലെ മൂന്നാമത്തെ വനിതയും എട്ടാമത്തെ മുഖ്യമന്ത്രിയുമാണ് അതീഷി. അതിഷിക്ക് പുറമെ ഗോപാൽ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Kejriwal