'മനോവീര്യം നൂറുമടങ്ങ് വര്‍ധിച്ചു'; കെജ്‌രിവാള്‍ ജയില്‍ മോചിതനായി

ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, അതിഷി, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും ഡല്‍ഹി മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

author-image
Vishnupriya
New Update
ad
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതനായി. ഡല്‍ഹി മദ്യനയവുവുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയത്.

ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, അതിഷി, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും ഡല്‍ഹി മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്കിടെയായിരുന്നു കെജ്‌രിവാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. മദ്യനയവുമായി ബന്ധപ്പെട്ട കേസുകളില്‍ ആറ് മാസത്തോളം ജയിലില്‍ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ച് കെജ്‌രിവാളിന് പുറത്തിറങ്ങാനാകുന്നത്. 

തന്നെ സ്വീകരിക്കാനെത്തിയവര്‍ക്ക് കെജ്രിവാള്‍ നന്ദി അറിയിച്ചു. 'എന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നു, എന്റെ ജീവിതത്തില്‍ ഞാന്‍ ഒരുപാട് പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്, പക്ഷേ ദൈവം കൂടെയുണ്ട്. കാരണം, ഞാന്‍ സത്യത്തിന്റെ പാതയിലൂടെയാണ് നടക്കുന്നത്', പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.

ജയിലിലടച്ചതോടെ തന്റെ പോരാട്ടവീര്യം നൂറുമടങ്ങ് വര്‍ധിക്കുകയാണ് ഉണ്ടായതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. 'എന്റെ മനോവീര്യം തകര്‍ക്കാന്‍ കഴിയുമെന്ന് കരുതിയാണ് അവര്‍ എന്നെ ജയിലിലടച്ചത്, ഞാന്‍ ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം, എന്റെ മനോവീര്യവും ശക്തിയും നൂറുമടങ്ങ് വര്‍ദ്ധിച്ചു, ദൈവം കാണിച്ചുതന്ന പാതയില്‍ ഞാന്‍ സഞ്ചരിക്കും. രാഷ്ട്രത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടിക്കൊണ്ടേയിരിക്കും', കെജ്‌രിവാള്‍ പറഞ്ഞു.

 

aravind kejriwal delhi liquer scam case