ന്യൂഡല്‍ഹി: സ്വതന്ത്രഭാരതത്തില്‍ ആദ്യ സംഭവമാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയെന്നത്. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന എഎപിയുടെ മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
നേരത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ജനുവരി 31 ന് അറസ്റ്റ് ചെയ്‌തെങ്കിലും, അറസ്റ്റ് മെമോയില്‍ ഒപ്പിടാന്‍ അദ്ദേഹം തയ്യാറായില്ല. ഗവര്‍ണര്‍ക്ക് രാജി നല്‍കിയ ശേഷമാണ് അദ്ദേഹം ഒപ്പുവച്ചത്. റാഞ്ചിയിലെ വസതിയില്‍ ആറു മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം കൊണ്ടുപോകുമ്പോള്‍ തനിക്ക് രാജ്ഭവനില്‍ ഇറങ്ങണമെന്ന് സോറന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ സി പി രാധാകൃഷണന് അദ്ദേഹം രാജി കത്ത് കൈമാറി. അതോടെ, യഥാര്‍ഥ അറസ്റ്റിന് മുമ്പ് അദ്ദേഹം മുന്‍ മുഖ്യമന്ത്രിയായി മാറുകയും ചെയ്തു.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത, ടിഡിപിയുടെ ചന്ദ്രബാബു നായിഡു, ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ ഓം പ്രകാശ് ചൗട്ടാല എന്നിവരാണ് ഇതിന് മുമ്പ് അറസ്റ്റിലായ ചില മുന്‍ മുഖ്യമന്ത്രിമാര്‍.
കെജ്രിവാളിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു സെര്‍ച്ച് വാറണ്ടുമായി ഇഡിയുടെ പരിശോധന. വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇ.ഡി. ഇതുവരെ അരവിന്ദ് കെജ്രിവാളിന് അയച്ചത്. എന്നാല്‍, ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമന്‍സ് അയച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നടപടിയിലേക്ക് തിരിഞ്ഞതില്‍ പല അഭ്യൂഹങ്ങളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അഭ്യൂഹങ്ങള്‍ക്കിപ്പുറം അത് യാഥാര്‍ത്ഥ്യമായി മാറിയിരിക്കുകയാണ്. കാരണം അതേ ദിവസം തന്നെയാണ് ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനയുടെ കണക്കും പുറത്തുവന്നത്. സംഭാവന വാങ്ങിയവരില്‍ ഒന്നാമത് നില്‍ക്കുന്നത് രാജ്യം ഭരിക്കുന്ന ബിജെപി തന്നെയാണ്. ഈ കണക്ക് തിരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയാകുന്നതില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ് തിടുക്കപ്പെട്ട് കെജ്രിവാളിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ബി.ജെ.പിക്ക് ഏറ്റവും അധികം ഇലക്ടറല്‍ ബോണ്ട് നല്‍കിയത് മേഘ എന്‍ജിനീയറിംഗ് ലിമിറ്റഡാണ്. 600 കോടിയില്‍ അധികം തുകയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ മേഘ എഞ്ചിനീയറിംഗ് ബി.ജെ.പിക്ക് നല്‍കിയത്. റിലയന്‍സുമായി ബന്ധമുണ്ടെന്ന് പറയുന്ന ക്വിക് സപ്ലൈ ചെയിന്‍ ബി.ജെ.പിക്ക് 375 കോടിയും നല്‍കി.
മറ്റൊരു രസകരമായ വസ്തുത, ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയായിരുന്ന പി ശരത് ചന്ദ്ര റെഡ്ഡിയുടെ അരബിന്ദോ ഫാര്‍മ ലിമിറ്റഡ് ബി.ജെ.പിക്ക് ആകെ നല്‍കിയത് 34. 5 കോടി രൂപയാണ്. ഇതില്‍ 5 കോടി രൂപയുടെ ബോണ്ട് മദ്യനയക്കേസില്‍ 2022 നവംബര്‍ 10 ന് ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്ത് അഞ്ചു ദിവസത്തിനുള്ളിലാണ് കമ്പനി വാങ്ങിയത്. നവംബര്‍ 21ന് ബിജെപി അത് പണമാക്കി. പിന്നീട് കേസില്‍ ശരത് ചന്ദ്ര റെഡ്ഡി മാപ്പുസാക്ഷിയായതും ചരിത്രമാണ്.
ഇതെല്ലാം കൂട്ടിവായിക്കുന്നത് ഇലക്ടറര്‍ ബോണ്ട് കണക്ക് പുറത്തുവരുന്നത് ബിജെപിയെ ആശങ്കപ്പെടുത്തിയിരുന്നുവെന്നാണ്. അതിന്റെ ബാക്കിപത്രമാണ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. എന്തായാലും ഇ. ഡി കസ്റ്റിയില്‍ കഴിയുന്ന കെജ്രിവാള്‍ സ്വയം കേസ് വാദിക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഒരു മുഖ്യമന്ത്രി സ്വയം കേസ് വാദിക്കുന്നത് ചരിത്രത്തില്‍ ഇടംപിടിക്കും.