ന്യൂഡൽഹി: സർക്കാരിന്റെ ചെലവുകൾ പരിശോധിക്കുന്നതിനുള്ള പാർലമെന്ററി സമിതിയായ പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയുടെ (പിഎസി) മേധാവിയായി കോൺഗ്രസ് അംഗം കെസി വേണുഗോപാലിനെ നിയമിച്ചു. ഇതടക്കം അഞ്ചു പാർലമെന്ററി സമിതികൾക്ക് ലോക്‌സഭാ സ്പീക്കർ ഓം ബിർല രൂപം നൽകി.
ഒബിസി ക്ഷേമത്തിനായുള്ള സമിതിക്ക് ബിജെപി അംഗം ഗണേഷ് സിങ് നേതൃത്വം നൽകും. എസ് സി, എസ്ടി ക്ഷേമത്തിനായുള്ള സമിതിയെ ഫഗ്ഗൻ സിങ് കുലാസ്‌തേയാണ് നയിക്കുക. എസ്റ്റിമേറ്റ് കമ്മിറ്റി ബിജെപി അംഗം സഞ്ജയ് ജയ്‌സ്വാളിന്റെ നേതൃത്വത്തിലാണ്. പബ്ലിക് അണ്ടർടേക്കിങ്‌സ് കമ്മിറ്റി ചെയർമാൻ ബൈജയന്ത് പാണ്ഡെയാണ്.
ഒരു വർഷമാണ് സമിതികളുടെ കാലാവധി. ലോക്‌സഭയിൽനിന്നും രാജ്യസഭയിൽനിന്നുമുള്ള അംഗങ്ങൾ സമിതികളിൽ ഉണ്ടാവും. പിഎസി അധ്യക്ഷ സ്ഥാനം പ്രധാന പ്രതിപക്ഷ കക്ഷിക്കു നൽകുന്നതാണ് കീഴ്‌വഴക്കം. കഴിഞ്ഞ അഞ്ചു വർഷം കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആയിരുന്നു പിഎസി ചെയർമാൻ.