അർജുന്റെ രക്ഷാപ്രവർത്തനത്തിലെ മെല്ലെപ്പോക്കിനെതിരെ ആരോപണങ്ങളുമായി കുടുംബം. സഹോദരനെ കാണുന്നില്ലെന്ന് പരാതി പറയാനെത്തിയപ്പോൾ കർണാടക പൊലീസുകാർ റീൽസ് കാണുകയായിരുന്നുവെന്ന് അർജുൻറെ ഭാര്യ സഹോദരൻ ജിതിൻ പറഞ്ഞു. കർണാടക പൊലീസിന് കൈക്കൂലി വാങ്ങാനെ അറിയുവെന്നും ആളെ രക്ഷിക്കാൻ അറിയില്ലെന്നും ജിതിൻ ആരോപിച്ചു. സിഗ്നൽ കിട്ടിയ സ്ഥലത്ത് അർജുൻ ഉണ്ടെന്ന് 70ശതമാനം ഉറപ്പാണെന്നും ജിതിൻ പറഞ്ഞു.
ഇപ്പോഴാണ് ദൗത്യം വേഗത്തിലായത്. അഞ്ച് ദിവസത്തെ രക്ഷാപ്രവർത്തനത്തിൽ തൃപ്തിയില്ല. ഇന്നലെയാണ് രക്ഷാപ്രവർത്തനത്തിൽ പ്രതീക്ഷ വന്നത്. അർജുൻറെ ജീവൻ മാത്രമല്ല മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന മറ്റുള്ളവരുടെ ജീവനും എത്രയും വേഗം രക്ഷപ്പെടുത്തണമെന്നും അർജുൻറെ സഹോദരൻ പ്രസാദ് പറഞ്ഞു.
പ്രവർത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇന്നലെ കർണാടക സർക്കാർ സൈന്യത്തെ വിളിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്.