നീറ്റ് പരീക്ഷക്കെതിരെ പ്രമേയം പാസാക്കി കര്‍ണാടക
നീറ്റ് പരീക്ഷക്കെതിരെ പ്രമേയം പാസാക്കി കര്‍ണാടക സര്‍ക്കാര്‍. മെഡിക്കല്‍ പ്രവേശനത്തിനായി നേരത്തേയുണ്ടായിരുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. പശ്ചിമ ബംഗാളും തമിഴ്‌നാടും സമാനമായ ആവശ്യം ഉന്നയിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.നീറ്റ് പരീക്ഷ സംവിധാനം ഗ്രാമീണരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സ്വന്തം സംസ്ഥാനത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശമാണ് നീറ്റ് പരീക്ഷയിലൂടെ നിഷേധിക്കപ്പെട്ടതെന്നും കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.നീറ്റ് നിര്‍ത്തലാക്കണമെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് കര്‍ണാടക ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തുടനീളം ശക്തമായ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ടി ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ നടത്തണമെന്നാണ് ബംഗാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.