ഷിരൂരിൽ അർജുൻ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താൻ സോണാർ പരിശോധന

ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും.നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. 

author-image
Greeshma Rakesh
New Update
arjun search mission 14th day

arjun search mission

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് വീണ്ടും തുടങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും.നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. 

രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുൻറെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചിൽ ആരംഭിച്ചില്ലെങ്കിൽ ഷിരൂരിൽ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അർജുൻറെ സഹോദരിയുടെ ഭർത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്. 

തെരച്ചിൽ ആരംഭിക്കാൻ കേരള സർക്കാർ കർണാടക സർക്കാരിൽ സമ്മർദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവിൽ കർണാടക സർക്കാർ പറയുന്ന കാര്യങ്ങൾ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സർക്കാർ സമ്മർദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ വൈകിട്ട് പ്രതികരിച്ചത്. തെരച്ചിൽ തുടരുമെന്ന് കർണാടക ഉറപ്പ് നൽകിയിട്ടുണ്ട്. അർജുൻറെ കുടുംബത്തിൻറെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.





arjun search mission karnataka landslides