കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ.ഇന്ന് അമാവാസി ആയതിനാൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഈ സമയം തിരച്ചിലിനായ ഇറങ്ങാൻ തയ്യാറാണെന്നും മാൽപെ അറിയിച്ചതായി അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു.3 മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത്.
ഇതിനായ് ഇന്നു രാവിലെ അർജുന്റെ ബന്ധുക്കൾ ഷിരൂരിലെത്തും. അതേസമയം അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ തിരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. പുഴയിലെ ചെളിയും ഒഴുക്കും കാരണം യന്ത്രം എത്തിച്ചാലും പ്രവർത്തിപ്പിക്കാനാകില്ലെന്ന സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിനു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതിനിടയിൽ ദേശീയപാതയിൽ ഷിരൂരിലൂടെ ഗതാഗതം പുനരാരംഭിച്ചു.കോഴിക്കോട് മുക്കം സ്വദേശി മനാഫിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഓടിച്ചിരുന്നത്.ജൂലൈ 25ന് നടത്തിയ തെരച്ചിലിൽ സിഎംഇ പൂനെയുടെ എബിംഗർ ഫെറോ മാഗ്നെറ്റിക് ലൊക്കേറ്റർ ലോഹ സാന്നിധ്യമുള്ള 3 സ്പോട്ടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് പുഴയിലിറങ്ങിയുള്ള തെരച്ചിൽ ദുഷ്കരമാകുകയായിരുന്നു.