ബെംഗളൂരു : ആരാധകന്‍ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സിനിമാ താരങ്ങളായ ദര്‍ശന്‍ തൊഗുദീപ, പവിത്ര ഗൗഡ എന്നിവര്‍ക്കും മറ്റ് 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ജൂണ്‍ 8ന് ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊലപ്പെടുത്തി ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലില്‍ തള്ളിയെന്നാണ് കേസ്.
ദര്‍ശനും പവിത്ര ഗൗഡയുമായുള്ള ബന്ധം ചോദ്യംചെയ്ത് രേണുകസ്വാമി സന്ദേശമയച്ചതിനെ തുടര്‍ന്നാണ് ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ കൊലപാതകം നടപ്പിലാക്കിയതെന്ന് 3991 പേജുകളുള്ള കുറ്റപത്രത്തില്‍ പറയുന്നു. 8 ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ഇതിന്റെ ഭാഗമാണ്. 231 സാക്ഷികളുണ്ട്. ഇതില്‍ 27 പേര്‍ മജിസ്ട്രേട്ട് മുന്‍പാകെ മൊഴി നല്‍കി. പ്രതികളുടെ വസ്ത്രത്തിലെ രക്തം രേണുകസ്വാമിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ദര്‍ശനെതിരെയുള്ള കുറ്റപത്രത്തില്‍ ഉള്ളത്. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതികള്‍ ഷോക്കടിപ്പിച്ചെന്നും ശരീരത്തില്‍ 39 മുറിവുകള്‍ കണ്ടെത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ പകര്‍ത്തിയ, വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമിയുടെ ചിത്രങ്ങളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിനു മുന്‍പും ശേഷവും പ്രതികള്‍ രേണുകസ്വാമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പൊലീസ് പറയുന്നത്. വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമിയുടെ ചിത്രവും മൃതദേഹത്തിന്റെ ചിത്രവുമാണ് പുറത്തുവന്നിരിക്കുന്നത്.
''ദര്‍ശനും സംഘവും മര്‍ദിച്ചതിനെ തുടര്‍ന്ന് രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നിരുന്നു. ശരീരത്തിലുടനീളം 39 മുറിവുകളുണ്ട്. തലയിലും ആഴത്തിലുള്ള മുറിവുണ്ട്.'' കുറ്റപത്രത്തില്‍ പറയുന്നു. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതാഘാതം ഏല്‍പിക്കാന്‍ ഇന്‍സുലേഷന്‍ പ്രതിരോധം അളക്കാന്‍ ഉപയോഗിക്കുന്ന മെഗ്ഗര്‍ മെഷിന്‍ എന്ന വൈദ്യുതി ഉപകരണമാണ് സംഘം ഉപയോഗിച്ചതെന്നും രേണുകസ്വാമി വെട്ടേറ്റ് കൊല്ലപ്പെടുന്നതിന് മുന്‍പ്, കേട്ടുകേള്‍വിയില്ലാത്തതും മനുഷ്യത്വരഹിതവുമായ പീഡനങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.
കൊലപാതകത്തിനു ശേഷം ദര്‍ശനും പവിത്ര ഗൗഡയും മറ്റ് പ്രതികളും ചേര്‍ന്ന് മൃതദേഹം സംസ്‌കരിച്ചെന്നും പണവും സ്വാധീനവും ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കുറ്റാരോപണത്തില്‍നിന്നു രക്ഷപ്പെടാന്‍ മറ്റു വ്യക്തികളെ കുടുക്കാനും ഇവര്‍ ശ്രമിച്ചു.