ഡൽഹി: ചണ്ഡിഗഡ് എയർപോർട്ടിൽ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മർദിച്ച സംഭവത്തിൽ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കർഷക നേതാക്കൾ.ഒരുപാട് ആൾക്കാർ നോക്കി നിൽക്കുമ്പോഴാണ് കങ്കണയെ സുരക്ഷാ ഉദ്യോഗസ്ഥ മർദിച്ചത്. കർഷക പ്രക്ഷോഭം നടക്കുമ്പോൾ കങ്കണ റാണാവത്ത് നടത്തിയ മോശം പരാമർശനത്തിനാണ് അവരെ മർദ്ധിച്ചതെന്ന്, ഉദ്യോഗസ്ഥ പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂർത്തല സ്വദേശി കുൽവീന്ദർ കൗറിനെതിരെ കങ്കണയുടെ പരാതിയിൽ ചണ്ഡിഗഡ് പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തിൽ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കർഷക നേതാക്കൾ രംഗത്തെത്തിയത്.സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും എന്ന് പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി.
പഞ്ചാബിലെ കർഷകർക്ക് എതിരായ പരാമർശത്തിൽ കങ്കണ മാപ്പ് പറയണമെന്നും കങ്കണ നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പലർക്കും എതിരെ മോശം ആരോപണങ്ങൾ ഉന്നയിച്ചതാണെന്നും വിഷയം കൃത്യമായി അന്വേഷിക്കും മുമ്പ് ഉദ്യോഗസ്ഥക്ക് എതിരെ കേസെടുത്തത് അംഗീകരിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയെതര വിഭാഗം) നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാൾ പറഞ്ഞു.
ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന കങ്കണ റാണാവത്തിൻറെ പരാതിയിൽ കുൽവീന്ദർ കൗറിനെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു. ആരോപണമുയർന്ന് 3 മണിക്കൂറിനുള്ളിലാണ് നടപടി ഉണ്ടായത്. ഡൽഹി സി ഐ എസ് എഫ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നാണ് വനിതാ കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സി ഐ എസ് എഫ് അറിയിച്ചു.