ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷ മദ്യദുരന്തത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന ചിന്നദുരൈ അറസ്റ്റിൽ.
വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്തയാളാണ് അറസ്റ്റിലായ ചിന്നദുരൈ. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
അതെസമയം ദുരന്തത്തിൽ മരണം 55 ആയി.മൂന്ന് പേർ സുഖം പ്രാപിച്ചു.മറ്റുള്ളവരുടെ നില ഗുരുതരമാണെന്ന് കലക്ടർ അറിയിച്ചു.ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റിസ് ബി ഗോകുൽദാസ് (റിട്ടയേർഡ്) ഏകാംഗ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് നൽകാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും കളക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്.
അതേസമയം, പല തവണ വ്യാജമദ്യ ദുരന്തങ്ങൾ ആവർത്തിച്ചിട്ടും മുൻകരുതൽ നടപടികളെടുക്കാത്ത തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. കഴിഞ്ഞ വർഷം ചെങ്കൽപ്പേട്ടിലും വിളുപുരത്തും നടന്ന വ്യാജമദ്യദുരന്തത്തിൽ നടപടിയെടുത്തതിൻറെ വിവരങ്ങളെവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണറിപ്പോർട്ടുകൾ പൂഴ്ത്തി രക്ഷപ്പെടാമെന്ന് കരുതണ്ടെന്നും, ഉദ്യോഗസ്ഥ അനാസ്ഥ മൂലം ഇവിടെ നഷ്ടമാകുന്നത് മനുഷ്യജീവനുകളാണെന്നും കോടതി പറഞ്ഞു.
അടുത്ത ബുധനാഴ്ചയ്ക്കകം സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു. അതേസമയം തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് നാളത്തെ തൻറെ പിറന്നാളാഘോഷങ്ങൾ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങൾക്ക് നൽകണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു.