ചണ്ഡിഗഢിലെ കൽകയിൽ നിന്നും ഹിമാചൽ പ്രദേശിലെ ഷിംലയിലേക്കുള്ള ഹെറിറ്റേജ് ട്രെയിനിന്റെ സർവീസുകൾ പുനരാരംഭിച്ചു. പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ലോകപ്രശസ്തമായ പൈതൃക തീവണ്ടിയുടെ സർവീസുകൾ രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്നു. സീസൺ സമയത്ത് ട്രെയിൻ സർവീസ് നിർത്തിയത് പ്രദേശത്തെത്തിയ വിനോദസഞ്ചാരികളെ നിരാശരാക്കിയിരുന്നു.
പാതയിലെ സമ്മർഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ബ്രിഡ്ജിലാണ് വിള്ളൽ കണ്ടെത്തിയിരുന്നത്. അറ്റകുറ്റപ്പണിക്ക് ശേഷം തിങ്കളാഴ്ച ട്രയൽ റൺ നടത്തിയ ശേഷമാണ് സർവീസ് പുനരാരംഭിച്ചത്.
രാജ്യത്തെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിലൊന്നാണ് കൽക-ഷിംല പാതയിലെ പ്രത്യേക പൈതൃക ടോയ് ട്രെയിൻ സർവീസ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ ട്രെയിനിൽ കയറാനായി നിരവധി സഞ്ചാരികളാണ് എത്താറുള്ളത്.
1903-ൽ ബ്രിട്ടീഷുകാരാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. കൽക മുതൽ ഷിംല വരെ 96 കിലോമീറ്ററാണ് ദൂരം. അഞ്ച് മണിക്കൂറാണ് ട്രെയിൻ ഓടിയെത്താൻ വേണ്ട സമയം. 1002 ടണലുകളും 800 പാലങ്ങളും കടന്നാണ് ട്രെയിൻ ഷിംലയിൽ എത്തുക.